Snippet


1 കാഹളം അധരങ്ങളോടടുപ്പിക്കുക. കർത്താവിന്റെ ആലയത്തിനു മുകളിൽ കഴുകൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാരണം, അവർ എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ നിയമം അനുസരിച്ചില്ല.2 അവർ എന്നോടു കരഞ്ഞപേക്ഷിക്കുന്നു: എന്റെ ദൈവമേ, ഇസ്രായേലായ ഞങ്ങൾക്ക് അങ്ങയെ അറിയാം.3 ഇസ്രായേൽ നൻമയെ തിരസ്കരിച്ചു. ശത്രു അവരെ അനുധാവനം ചെയ്യും.4 അവർ രാജാക്കൻമാരെ വാഴിച്ചു; എന്നാൽ, എന്റെ ആഗ്രഹമനുസരിച്ചല്ല അവർ അധികാരികളെ നിയമിച്ചത്, എന്റെ അറിവുകൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വർണവുംകൊണ്ട് അവർ വിഗ്രഹങ്ങൾ നിർമിച്ചു. അത് അവരെ നാശത്തിലെത്തിച്ചു.5 സമരിയാ, നിന്റെ കാളക്കുട്ടിയെ ഞാൻ തട്ടിത്തെറിപ്പിച്ചു; എന്റെ കോപം അവർക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ ഇനിയും അവർ എത്ര വൈകും?6 അത് ഇസ്രായേലിലെ ഒരു ശിൽപി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാൻ തകർക്കും.7 അവർ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും. വളർന്നുനിൽക്കുന്ന ചെടികളിൽ കതിരില്ല; അതു ധാന്യം നൽകുകയില്ല. നൽകിയാൽ തന്നെ അത് അന്യർ വിഴുങ്ങും.8 ഇസ്രായേൽ വിഴുങ്ങപ്പെട്ടിരിക്കുന്നു. അവർ ജനതകൾക്കിടയിൽ ഉപയോഗശൂന്യമായ പാത്രംപോലെയായിക്കഴിഞ്ഞു.9 കൂട്ടംവിട്ടലയുന്ന കാട്ടുകഴുതയെപ്പോലെ അവർ അസ്സീറിയായിലേക്കു പോയിരിക്കുന്നു. എഫ്രായിം കാമുകൻമാരെ കൂലിക്കെടുത്തിരിക്കുന്നു.10 അവർ ജനതകളുടെയിടയിൽ കൂലി കൊടുത്തു സഖ്യം ഉണ്ടാക്കിയിട്ടുണ്ടങ്കിലും ഞാൻ അവരെ വേഗം ഒന്നിച്ചുകൂട്ടും. രാജാക്കൻമാരെയും പ്രഭുക്കൻമാരെയും അഭിഷേ കം ചെയ്യുന്നതിൽ നിന്ന് കുറച്ചു കാലത്തേക്ക് അവർ വിരമിക്കും.11 എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വർധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി.12 ഞാൻ അവന് ആയിരം പ്രമാണങ്ങൾ എഴുതിക്കൊടുത്തിരുന്നെങ്കിൽതന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു.13 അവർ ബലികൾ ഇഷ്ടപ്പെടുന്നു. അവർ മാംസം അർപ്പിക്കുന്നു; അതു ഭക്ഷിക്കുന്നു. എന്നാൽ, കർത്താവ് അവരിൽ സംപ്രീതനാവുകയില്ല. അവിടുന്ന് അവരുടെ അകൃത്യങ്ങൾ ഓർക്കും. അവരുടെ പാപങ്ങൾക്ക് അവരെ ശിക്ഷിക്കും. അവർ ഈജിപ്തിലേക്കു മടങ്ങും.14 ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ നിർമിച്ചിരിക്കുന്നു. യൂദാ സുരക്ഷിതനഗരങ്ങളുടെ എണ്ണം വർധിപ്പിച്ചു. എന്നാൽ, അവന്റെ നഗരങ്ങളിൻമേൽ ഞാൻ അഗ്നി അയയ്ക്കും; അത് അവന്റെ ശക്തിദുർഗങ്ങൾ വിഴുങ്ങിക്ക ളയും.

Leave a Reply